സിവിൽ സർവീസസ് വിജ്ഞാപനം; പ്രിലിമിനറി പരീക്ഷ മേയ് 28ന്, ഒഴിവുകൾ 1105

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിലവിൽ 1105 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് 37 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 28 നാണു പ്രിലിമിനറി പരീക്ഷ. 6 തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും. 

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

∙പ്രായം: 2023 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.  

∙പരീക്ഷാരീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.

∙ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. 

∙അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെ വിജ്ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന സൈറ്റിൽ.   

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.