കേന്ദ്ര EWS

എക്കണോമിക്കലി വീക്കർ സെക്ഷൻസ് അഥവാ സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികളിലെയും , ബ്രാഹ്മണ, നായർ അമ്പലവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിലേയും ജാതിമത ഹിതരിലെയും  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്  ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷകളിലും യോഗ്യതാ  പരീക്ഷകളിലും കേന്ദ്ര, സംസ്ഥാന സർക്കാർ ജോലികളിലും ഈ സംവരണം ലഭിക്കും . ന്യുനപക്ഷ പദവി ഇല്ലാത്തതും ഒ ബി സി സംവരണം നിലനിൽക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ്  10% EWS റിസർവേഷൻ ബാധകമാകുന്നത്.

EWS സംവരണം ലഭിക്കുന്നതിനായി EWS സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവിൽ  രണ്ടു  തരത്തിലുള്ള EWS സർട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്.

 1. കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ്
 2. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ്

ഇവയ്ക്ക്  ബാധകമായ മാനദണ്ഡങ്ങളും സർട്ടിഫിക്കേറ്റ് ഫോർമാറ്റും സർട്ടിഫിക്കേറ്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്.

കേന്ദ്ര സർക്കാരിൻ്റെ EWS സർട്ടിഫിക്കറ്റ്

പത്ത് ശതമാനം EWS സംവരണത്തിലൂടെ കേന്ദ്ര സർക്കാരിന്റെ UPSC, SSC, Railway, Banking തുടങ്ങിയ സർവീസുകളിലും UGC -NET, NEET  തുടങ്ങിയ യോഗ്യതാ പരീക്ഷകളിലും വളരെ മികച്ച സാധ്യതകളാണ് ഉള്ളത്.

മാനദണ്ഡം

കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത് നാല് മാനദണ്ഡങ്ങളാണ്.

 1. ആകെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെ
 2. 5 ഏക്കർ കൃഷിഭൂമി വരെ
 3.  പഞ്ചായത്ത്‌ പ്രദേശത്ത് 4.2 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട്, മുൻസിപ്പൽ കോർപറേഷനിൽ 2.1 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് വരെ
 4. എല്ലായിടത്തും വീടിന്റെ വിസ്തീർണം 1000 സ്ക്വയർ ഫീറ്റ് വരെ

എന്നിവയാണ് ഇതിന്റെ ഉയർന്ന പരിധികൾ. ഈ എല്ലാ മാനദണ്ഡങ്ങളുടെയും ഉള്ളിൽ നിൽക്കുന്നവർക്കു മാത്രമേ കേന്ദ്ര EWS സർട്ടിഫിക്കേറ്റ് ലഭിക്കുകയുള്ളൂ. കേരളത്തിൽ തികച്ചും അനീതിപരമായി കേന്ദ്ര മാനദണ്ഡമായ റസിഡൻഷ്യൽ പ്ലോട്ടിനെ ഹൗസ് പ്ലോട്ട് എന്ന് ദുർവ്യാഖാനിക്കുകയും, എല്ലാ പുരയിടങ്ങൾ എന്നു രേഖപ്പെടുത്തിയിരിക്കുന്ന കരഭൂമിയെയും ഹൗസ് പ്ലോട്ടായി കണക്കാക്കുകയും ചെയ്യുന്നതിനാൽ 4.2 സെൻ്റിൽ കൂടുതൽ സ്ഥലം കരഭൂമിയായി ഉള്ളവർക്ക് കേന്ദ്ര സർട്ടിഫിക്കറ്റ് നിലവിൽ ലഭിക്കുന്നില്ല. എന്നാൽ 5 ഏക്കറിൽ താഴെ നെൽപ്പാടങ്ങളും വീടുവയ്ക്കാൻ സാധിക്കാത്ത മറ്റ് സ്ഥലങ്ങളും മാത്രം ഉള്ളവർക്ക് സർട്ടിഫിക്കേറ്റ് ലഭിക്കുന്നുണ്ട് .

അപേക്ഷിക്കേണ്ട വിധം

കേന്ദ്ര EWS സർട്ടിഫിക്കറ്റ് ലഭിക്കാൻ  നേരിട്ട് വില്ലേജ് ഓഫീസർ വഴി തഹസീൽദാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫീസറിൽ നിന്ന്  ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തഹസീൽദാർ സർട്ടിഫിക്കറ്റ് നൽകും. ഇതിൻ്റെ അപേക്ഷാഫോമും സർട്ടിഫിക്കറ്റ് ഫോമും ഈ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേന്ദ്ര / സംസ്ഥാന സർട്ടിഫിക്കറ്റ് ഫോമുകൾ വ്യത്യസ്തങ്ങളാണ് അവ തമ്മിൽ മാറിപ്പോകാതെ ശ്രദ്ധിക്കുക.

Download EWS Application Foam

EWS APPLICATION
Application Foam

Download Central Government EWS Certification Format

EWS Certification Format
Certification Format

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

(A) കുടുംബം എന്നതിന്റെ നിർവചനം

ഒരു വിദ്യാർത്ഥി EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോൾ ആ കുട്ടിയുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനവും ഭൂസ്വത്തുമാണ് കണക്കിലെടുക്കുന്നത്. കേന്ദ്ര  സർക്കാർ ഉത്തരവ് പ്രകാരം താഴെ കൊടുത്തിരിക്കുന്നവർ മാത്രമാണ് കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നത്.

i.സർട്ടിഫിക്കറ്റ് ആവശ്യമുള്ള ആൾ (വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷക) 

ii.വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷക യുടെ  മാതാവ്, പിതാവ്, വിവാഹം കഴിഞ്ഞതെങ്കിൽ ജീവിത പങ്കാളി. 

iii.വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷകയുടെ 18 വയസിൽ താഴെയുള്ള (below 18 years ) സഹോദരങ്ങൾ, 18 വയസ്സിൽ താഴെയുള്ള മക്കൾ ഉണ്ടെങ്കിൽ അവർ.

വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷകയുടെ വല്യപ്പൻ, വല്യമ്മ, 18 വയസിനു മുകളിലുള്ള സഹോദരങ്ങൾ,  18 വയസിനു മുകളിലുള്ള മക്കൾ, വീട്ടിൽ താമസിക്കുന്ന മറ്റ് അംഗങ്ങൾ മുതലായവർ ഇപ്രകാരം കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. റേഷൻ കാർഡിലെ പേര് വിവരം പ്രസക്തമല്ല. അവരുടെ പേരിലുള്ള ഭൂസ്വത്തോ വരുമാനമോ കണക്കാക്കേണ്ടതില്ല.

വിവാഹം കഴിച്ച ഒരു സ്ത്രീക്ക് ആ സ്ത്രീയുടെയും സ്വന്തം മാതാപിതാക്കളുടെയും ഭർത്താവിൻ്റെയും സ്വത്തും വരുമാനവുമാണ് കണക്കാക്കേണ്ടത്. ഭർത്താവിൻ്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭർത്താവിൻ്റെ മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കാക്കേണ്ടതില്ല. എന്നാൽ വിവാഹം കഴിഞ്ഞ് 6 മാസം പൂർത്തിയായ ഒരു സത്രീ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ഭർത്താവിന്റെ സ്ഥലത്തെ വില്ലേജ് ഓഫീസിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

(B) RCSC പ്രശ്നം

RCSC എന്നാണ് പല വിദ്യാർത്ഥികളുടെയും SSLC ബുക്കിലും മറ്റും സമുദായത്തിൻ്റെ പേര് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2021 ജൂൺ 4 ന് സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. ഇതിൽ 163-ാം നമ്പറായി നമ്മുടെ സമുദായത്തെ സിറിയൻ കാത്തലിക്ക് (‘സീറോ മലബാർ കാത്തലിക് ‘) എന്നാണ് പേര് ചേർത്തിരിക്കുന്നത്. SSLC ബുക്കിൽ ഈ പേരല്ല എന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച് പല അധികാരികളും അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മറ്റ് യാതൊരു സംവരണവും ലഭിക്കാത്ത ‘ജനറൽ കാറ്റഗറി’ എന്ന് ചേർത്തിരിക്കുന്ന എല്ലാവർക്കും മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ സർക്കാർ ഉത്തരവ് 2022 മെയ് 07 ശനിയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്. അതുപ്രകാരം മുൻ ഉത്തരവുകളിലെ മുന്നാക്ക വിഭാഗത്തിലെ എന്നത് ഒഴിവാക്കി പകരം ‘സംവരണാനുസൃതം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം’ എന്ന് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനാൽ SSLC ബുക്കിൽ സമുദായ നാമം എന്തുതന്നെയാണെങ്കിലും ജനറൽ കാറ്റഗറി എന്ന് കൂടെ ചേർത്തിട്ടുണ്ടെങ്കിൽ സാമ്പത്തിക മാനദണ്ഡമനുസരിച്ച്  EWS സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഇവയൊക്കെ സൂചിപ്പിച്ചിട്ടും സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും പ്രശ്നം ഉന്നയിക്കുകയാണെങ്കിൽ ആദ്യം ഇടവക വികാരിയുടെ കത്ത് ഹാജരാക്കുക. എന്നിട്ടും സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ തഹസീൽദാർ തുടങ്ങി ആവശ്യാനുസരണം മുകളിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുക.

(C) സർട്ടിഫിക്കറ്റ് ഫോർമാറ്റ്

കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും വ്യത്യസ്തമായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് ഉള്ളത്. ഇത്  പ്രത്യേകം ശ്രദ്ധിക്കണം. സർട്ടിഫിക്കറ്റ് ഫോർമാറ്റ് മാറി പോയതിൻ്റെ പേരിൽ അഡ്മിഷൻ നഷ്ടപ്പെട്ട അനുഭവം ഏതാനും വിദ്യാർത്ഥികൾക്ക്  മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ താലൂക് ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് പൂർണമായും വ്യക്തമായും പൂരിപ്പിച്ചിട്ടുണ്ടെന്നും തഹസിൽദാറുടെ ഒപ്പ്, Name &Designation സീലുകൾ, ഓഫീസ് സീൽ എന്നിവ യഥാസ്ഥാനത്ത് പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോയും നിർബന്ധമായും സർട്ടിഫിക്കറ്റിൽ ഒട്ടിച്ച് അതിൽ തഹസിൽദാറുടെ സീൽ വാങ്ങിയിരിക്കണം.

(D) ആവശ്യമായ രേഖകൾ
 1. വിദ്യാർത്ഥി / അപേക്ഷകൻ /അപേക്ഷക (18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ മാതാപിതാക്കൾ ) നിശ്ചിത ഫോർമാറ്റിൽ EWS സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കുക.
 2. റേഷൻ കാർഡ്
 3. സമുദായം തെളിയിക്കുന്ന രേഖ ( SSLC ബുക്ക്, ജനന സർട്ടിഫിക്കറ്റ്)
 4. ആധാർ കാർഡ് 
 5. കരം അടച്ച രസീത്   
 6. ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി
(E) സാമ്പത്തിക വർഷം

സർക്കാർ ഉത്തരവു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിൽ പ്രസ്തുത മാനദണ്ഡങ്ങൾക്കുള്ളിൽ സ്വത്ത് വരുമാനങ്ങൾ ഉള്ള കുടുംബത്തിലെ  വ്യക്തിയാണ് എന്നാണ് EWS സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2022 ജൂലൈ  മാസത്തിൽ (നടപ്പ് സാമ്പത്തിക വർഷം 2022-23) സർട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തി 2021 ഏപ്രിൽ 1 – 2022 മാർച്ച് 31 സാമ്പത്തിക വർഷത്തിലെ വിവരങ്ങളാണ് ബോധിപ്പിക്കേണ്ടത്.

ഈ സർട്ടിഫിക്കറ്റിന് നടപ്പ്  സാമ്പത്തിക വർഷം അഥവാ തൊട്ടടുത്ത  മാർച്ച് 31 വരെയായിരിക്കും കാലാവധി.

(F) സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം

സർക്കാർ സ്ഥാപനങ്ങളിൽ നമ്മൾ നൽകുന്ന അപേക്ഷകൾക്ക് 7 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ നൽകുമ്പോൾ കൈപ്പറ്റ് രസീത് എഴുതി വാങ്ങുക. നിയമപ്രകാരം സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഉദ്യോഗസ്ഥർ അവ കൈപ്പറ്റി എന്ന് രസീത് നൽകേണ്ടതുണ്ട്. തുടർന്ന് 7 ദിവസമായിട്ടും സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയോ തടസങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ വില്ലേജ് ഓഫീസറുടെ പക്കൽ നിന്നും എന്തുകൊണ്ട് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല എന്നത് കാരണം സഹിതം എഴുതി വാങ്ങുക. നമ്മുടെ പക്ഷത്താണ് ന്യായം എന്നു തോന്നുന്നുവെങ്കിൽ തഹസീൽദാരുടെ അടുത്ത് പരാതി കൊടുക്കുക. അവിടെയും നീതി ലഭിക്കുന്നില്ലെങ്കിൽ കളക്ടർക്ക് പരാതി നൽകുക.

കേന്ദ്ര E W S സംബന്ധിച്ചുള്ള സാധാരണ ഉണ്ടാകുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

മലയാളം വിവർത്തനം

 

Leave a Reply

Your email address will not be published.