സംസ്ഥാന EWS

എക്കണോമിക്കലി  വീക്കർ സെക്ഷൻസ്  അഥവാ  സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികളിലെയും,  ബ്രാഹ്മണ, നായർ അമ്പലവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിലേയും ജാതി മത രഹിതരിലെയും  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്  ഉന്നത വിദ്യാഭ്യാസ രംഗത്തും  പ്രവേശന പരീക്ഷകളിലും യോഗ്യതാ  പരീക്ഷകളിലും  കേന്ദ്ര, സംസ്ഥാന സർക്കാർ ജോലികളിലും  ഈ സംവരണം ലഭിക്കും. ന്യുനപക്ഷപദവി ഇല്ലാത്തതും ഒ ബി സി സംവരണം നിലനിൽക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ്  10% EWS റിസർവേഷൻ ബാധകമാകുന്നത്. 
EWS സംവരണം ലഭിക്കുന്നതിനായി EWS സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവിൽ  രണ്ടു  തരത്തിലുള്ള EWS സർട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്. 

1. കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് 

2. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് 

ഇവയ്ക്ക്  ബാധകമായ  മാനദണ്ഡങ്ങളും  സർട്ടിഫിക്കേറ്റ് ഫോർമാറ്റും സർട്ടിഫിക്കേറ്റ് നൽകാൻ  അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്. 

കേരള സർക്കാരിൻ്റെ EWS സർട്ടിഫിക്കറ്റ്

EWS സംവരണത്തിലൂടെ കേരള സർക്കാരിൻ്റെ പ്ലസ് വൺ, മെഡിക്കൽ-എൻജിനിയറിംഗ്, പോളിടെക്നിക്, ബി എസ് സി  നഴ്സിംഗ്- പാരാമെഡിക്കൽ, ഡിഗ്രി, പിജി, എൽഎൽബി  തുടങ്ങിയ എല്ലാ  ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേയ്ക്കും PSC വഴിയുള്ള സർക്കാർ ജോലികളിലേക്കും 10% സംവരണം ലഭിക്കും. കഴിഞ്ഞ അക്കാദമികവർഷങ്ങളിൽ  ഒട്ടനവധി വിദ്യാർത്ഥികൾക്ക് 10% EWS റിസർവേഷനിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. 

മാനദണ്ഡം

സംസ്ഥാന  മാനദണ്ഡങ്ങൾ അനുസരിച്ച്  ഉയർന്ന പരിധികൾ ഇപ്രകാരമാണ് .

i. ആകെ കുടുംബ വാർഷികവരുമാനം 4 ലക്ഷം രൂപ വരെ 

ii. ആകെ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കർ,  മുൻസിപ്പാലിറ്റികളിൽ 75 സെൻറ്, കോർപ്പറേഷനുകളിൽ  50 സെൻറ് വരെ 

എന്നിവ രണ്ടും മാത്രമാണ് സംസ്ഥാനമാനദണ്ഡങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു മാനദണ്ഡം ഉയർന്നുപോയാൽ സംസ്ഥാന EWS സർട്ടിഫിക്കറ്റ് ലഭിക്കില്ല.  ഇവിടെയും പഞ്ചായത്തിലൊഴികെ ഹൗസ് പ്ലോട്ട്, കൃഷിഭൂമി എന്ന വേർതിരിവ് ഉണ്ട്. ഇതുപ്രകാരം മുനിസിപ്പാലിറ്റികളിൽ 20 സെൻറ് ഉം കോർപ്പറേഷനുകളിൽ 15 സെൻറ് ഉം ഉള്ളവർക്കു മാത്രമേ പ്രായോഗികമായി EWS സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.  

അപേക്ഷിക്കേണ്ട വിധം

നേരിട്ട് അപേക്ഷ നൽകി വില്ലേജ് ഓഫീസറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിൻ്റെ ക്രമീകരണം ഓൺലൈൻ വഴി ആരംഭിച്ചിട്ടില്ല. ഇതിൻ്റെ അപേക്ഷാഫോമും സർട്ടിഫിക്കറ്റ് ഫോമും ഈ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേന്ദ്ര / സംസ്ഥാന സർട്ടിഫിക്കറ്റ് ഫോമുകൾ വ്യത്യസ്തങ്ങളാണ് അവ തമ്മിൽ മാറിപ്പോകാതെ ശ്രദ്ധിക്കുക.

Download EWS Application Foam

EWS Application Foam
Application Foam

Download Kerala Government EWS Certification Format

Annexure I Education APL

Annexure II Gov. Job APL

Annexure III Education BPL

Annexure IV Gov. Job BPL

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

(A) കുടുംബം എന്നതിന്റെ നിർവചനം

ഒരു വിദ്യാർത്ഥി EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ കുടുംബത്തിലെ വാർഷിക വരുമാനവും ഭൂസ്വത്തുമാണ് കണക്കിലെടുക്കുന്നത്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ( ജനുവരി 03 & മാർച്ച് 03/2020) താഴെ കൊടുത്തിരിക്കുന്നവർ മാത്രമാണ് കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നത്. 

i. സർട്ടിഫിക്കറ്റ് ആവശ്യമുള്ള ആൾ (വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷക) 

ii. വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷക യുടെ  മാതാവ്, പിതാവ്, വിവാഹം കഴിഞ്ഞതെങ്കിൽ ജീവിത പങ്കാളി. 

iii. വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷകയുടെ  18 വയസിൽ താഴെയുള്ള (below 18 years) സഹോദരങ്ങൾ, 18 വയസ്സിൽ താഴെയുള്ള മക്കൾ  ഉണ്ടെങ്കിൽ അവർ. 

വിദ്യാർത്ഥി / അപേക്ഷകൻ / അപേക്ഷകയുടെ വല്യപ്പൻ, വല്യമ്മ, 18 വയസിനു മുകളിലുള്ള സഹോദരങ്ങൾ,  18 വയസിനു മുകളിലുള്ള മക്കൾ, വീട്ടിൽ താമസിക്കുന്ന മറ്റ് അംഗങ്ങൾ മുതലായവർ ഇപ്രകാരം കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. റേഷൻ കാർഡിലെ പേര് വിവരം പ്രസക്തമല്ല. അവരുടെ പേരിലുള്ള ഭൂസ്വത്തോ വരുമാനമോ കണക്കാക്കേണ്ടതില്ല. 
വിവാഹം കഴിച്ച ഒരു സ്ത്രീക്ക് ആ സ്ത്രീയുടെയും സ്വന്തം മാതാപിതാക്കളുടെയും ഭർത്താവിൻ്റെയും സ്വത്തും വരുമാനവുമാണ് കണക്കാക്കേണ്ടത്. ഭർത്താവിൻ്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭർത്താവിൻ്റെ മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കാക്കേണ്ടതില്ല. എന്നാൽ വിവാഹം കഴിഞ്ഞ് 6 മാസം പൂർത്തിയായ ഒരു സത്രീ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ഭർത്താവിന്റെ സ്ഥലത്തെ വില്ലേജ് ഓഫീസിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
കേരള സർക്കാർ EWS സംബന്ധിച്ച് പ്രധാനപ്പെട്ട 3 ഉത്തരവുകളാണ് ആദ്യഘട്ടത്തിൽ ഇറക്കിയിട്ടുള്ളത്. 2020 ജനുവരി 03, ഫെബ്രുവരി 12 , മാർച്ച് 03 തീയതികളിൽ ആണ് ഇവ. ഇതിൽ ഫെബ്രുവരി 12 ലെ ഉത്തരവിൽ ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരെയും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയെങ്കിലും മാർച്ച് 03 ലെ തിരുത്തൽ ഉത്തരവ് പ്രകാരം മുകളിൽ പറഞ്ഞ നിർവചനം പുനസ്ഥാപിച്ചു. പല വില്ലേജ് ഓഫീസുകളിലും ഫെബ്രുവരി 12 ലെ ഉത്തരവാണ് ഉപയോഗിക്കുന്നത്. മാർച്ച് 03ലെ ഉത്തരവിൻ്റെ കാര്യം പലർക്കും അറിയില്ല എന്ന കാര്യം അപേക്ഷകർ ശ്രദ്ധിക്കണം. ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണ അപേക്ഷാ ഫോറത്തിൻ്റെ അനുബന്ധത്തിലും ഇതു സംബന്ധിച്ചു ചേർത്തിരിക്കുന്ന നിർദ്ദേശം തെറ്റാണ് എന്ന കാര്യം ശ്രദ്ധിക്കുക. 

(B) ഇല്ലാത്ത മാനദണ്ഡങ്ങൾ

സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം വീടിൻ്റെ വിസ്തീർണ്ണം, പഞ്ചായത്തുകളിൽ ഹൗസ്പ്ലോട്ടിൻ്റെ വിസ്തീർണ്ണം എന്നിവയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. മുകളിൽ പറഞ്ഞതുപോലെ 18 വയസ്സിന് മുകളിലുള്ള സഹോദരങ്ങളും  മറ്റ് അംഗങ്ങളും കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല എന്നത് സംബന്ധിച്ചും വ്യക്തമായ സർക്കാർ ഉത്തരവുണ്ട്. പക്ഷേ വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ഇല്ലാത്ത മാനദണ്ഡങ്ങൾ  നിലവിലുണ്ട് എന്നു പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. സംസ്ഥാന സർട്ടിഫിക്കേറ്റിന് വീട് അളക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും വീട് അളക്കുന്നുണ്ട്. 

(C) RCSC പ്രശ്നം

RCSC എന്നാണ് പല വിദ്യാർത്ഥികളുടെയും SSLC ബുക്കിലും മറ്റും സമുദായത്തിൻ്റെ പേര് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2021 ജൂൺ 4 ന് സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. ഇതിൽ 163-ാം നമ്പറായി  നമ്മുടെ സമുദായത്തെ സിറിയൻ കാത്തലിക്ക് (‘സീറോ മലബാർ കാത്തലിക് ‘) എന്നാണ് പേര് ചേർത്തിരിക്കുന്നത്. SSLC ബുക്കിൽ ഈ പേരല്ല എന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച് പല അധികാരികളും  അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മറ്റ് യാതൊരു സംവരണവും ലഭിക്കാത്ത ‘ജനറൽ കാറ്റഗറി’ എന്ന് ചേർത്തിരിക്കുന്ന എല്ലാവർക്കും മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ സർക്കാർ ഉത്തരവ് 2022 മെയ് 07 ശനിയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.  അതുപ്രകാരം മുൻ ഉത്തരവുകളിലെ മുന്നാക്ക വിഭാഗത്തിലെ എന്നത് ഒഴിവാക്കി പകരം ‘സംവരണാനുസൃതം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം’ എന്ന് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനാൽ SSLC ബുക്കിൽ സമുദായ നാമം എന്തുതന്നെയാണെങ്കിലും ജനറൽ കാറ്റഗറി എന്നുകൂടെ ചേർത്തിട്ടുണ്ടെങ്കിൽ സാമ്പത്തിക മാനദണ്ഡമനുസരിച്ച് EWS സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഇവയൊക്കെ സൂചിപ്പിച്ചിട്ടും സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും പ്രശ്നം ഉന്നയിക്കുകയാണെങ്കിൽ ആദ്യം ഇടവക വികാരിയുടെ കത്ത് ഹാജരാക്കുക. എന്നിട്ടും സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ തഹസീൽദാർ തുടങ്ങി ആവശ്യാനുസരണം മുകളിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുക. 

(D) സർട്ടിഫിക്കറ്റ് ഫോർമാറ്റ്

കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും വ്യത്യസ്തമായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് ഉള്ളത് . ഇത്  പ്രത്യേകം ശ്രദ്ധിക്കണം. സർട്ടിഫിക്കറ്റ് ഫോർമാറ്റ്  മാറി പോയതിൻ്റെ പേരിൽ അഡ്മിഷൻ നഷ്ടപ്പെട്ട അനുഭവം ഏതാനും വിദ്യാർത്ഥികൾക്ക്  മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.   
കൂടാതെ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് പൂർണമായും വ്യക്തമായും  പൂരിപ്പിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ ഒപ്പ്, Name &Designation സീലുകൾ, ഓഫീസ് സീൽ എന്നിവ യഥാസ്ഥാനത്ത്  പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.  അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോയും നിർബന്ധമായും സർട്ടിഫിക്കറ്റിൽ ഒട്ടിച്ച് അതിൽ വില്ലേജ് ഓഫീസറുടെ  സീൽ വാങ്ങിയിരിക്കണം.

(E) ആവശ്യമായ രേഖകൾ

i. വിദ്യാർത്ഥി / അപേക്ഷകൻ /അപേക്ഷക (18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ  മാതാപിതാക്കൾ ) നിശ്ചിത ഫോർമാറ്റിൽ EWS സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കുക. 
ii. റേഷൻ കാർഡ് 
ii. സമുദായം തെളിയിക്കുന്ന രേഖ ( SSLC ബുക്ക്,ജനന സർട്ടിഫിക്കറ്റ്  തുടങ്ങിയവ) 
iii. ആധാർ കാർഡ് 
iv. കരം അടച്ച രസീത് 
v. ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി 

(F) സാമ്പത്തിക വർഷം

സർക്കാർ ഉത്തരവു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിൽ പ്രസ്തുത മാനദണ്ഡങ്ങൾക്കുള്ളിൽ സ്വത്ത് വരുമാനങ്ങൾ ഉള്ള കുടുംബത്തിലെ  വ്യക്തിയാണ് എന്നാണ് EWS സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2022 ജൂലൈ   മാസത്തിൽ (നടപ്പ് സാമ്പത്തിക വർഷം 2022-23) സർട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തി 2021 ഏപ്രിൽ 1 – 2022 മാർച്ച് 31 സാമ്പത്തിക വർഷത്തിലെ വിവരങ്ങളാണ് ബോധിപ്പിക്കേണ്ടത്.
ഈ സർട്ടിഫിക്കറ്റിന് നടപ്പ്  സാമ്പത്തിക വർഷം അഥവാ തൊട്ടടുത്ത  മാർച്ച് 31 വരെയായിരിക്കും കാലാവധി.

(G) സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം

സർക്കാർ സ്ഥാപനങ്ങളിൽ നമ്മൾ നൽകുന്ന അപേക്ഷകൾക്ക് 7 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ നൽകുമ്പോൾ കൈപ്പറ്റ് രസീത് എഴുതി വാങ്ങുക. നിയമപ്രകാരം സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഉദ്യോഗസ്ഥർ അവ കൈപ്പറ്റി എന്ന് രസീത് നൽകേണ്ടതുണ്ട്. തുടർന്ന് 7 ദിവസമായിട്ടും സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയോ തടസങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ വില്ലേജ് ഓഫീസറുടെ പക്കൽ നിന്നും എന്തുകൊണ്ട് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല  എന്നത്   കാരണം സഹിതം എഴുതി വാങ്ങുക.
നമ്മുടെ പക്ഷത്താണ് ന്യായം എന്നു തോന്നുന്നുവെങ്കിൽ തഹസീൽദാരുടെ അടുത്ത് പരാതി കൊടുക്കുക.  അവിടെയും നീതി ലഭിക്കുന്നില്ലെങ്കിൽ കളക്ടർക്ക് പരാതി നൽകുക. 
EWS സംവരണം ഉള്ളതിനാൽ പഠനം അല്പം കുറഞ്ഞാലും അവസരം ലഭിക്കുമെന്ന തെറ്റിദ്ധാരണ പാടില്ല. EWS സംവരണത്തിന് അർഹരായവരിൽ   ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർ മാത്രമേ 10% സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ഏറ്റവും ആത്മാർത്ഥമായി തയ്യാറെടുക്കുക. സംവരണസീറ്റിലും ഓപ്പൺ മെറിറ്റിലും ഒരുപോലെ  അവസരം ലഭിക്കും. 
സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും പ്രത്യേക ആനുകൂല്യങ്ങളോ സംരക്ഷണമോ ലഭിക്കാതിരുന്ന സമുദായങ്ങൾക്ക്  നൽകപ്പെട്ടിരിക്കുന്ന ഒരു സുവർണ്ണ അവസരമാണ് EWS സംവരണം.ഈ അവകാശം  പരാമവധി പ്രയോജനപ്പെടുത്തുകയും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുക

Leave a Reply

Your email address will not be published.