സയൻസ് വിഷയങ്ങളിലെ ഉപരിപഠനഗവേഷണങ്ങളിൽ താൽപര്യവും അഭിരുചിയും ഉള്ള സമർഥരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിഭാ സ്കോളർഷിപ് നൽകുന്നു. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സ്വീകരിക്കും. വെബ്: www.kscste. kerala.gov.in ഇ–മെയിൽ: prathibhascholars2223@gmail. com. ഫോൺ: 0471 2548208.
സയൻസ് വിഷയങ്ങൾക്കു മാത്രമായും പരീക്ഷയ്ക്കു മൊത്തമായും 90% വീതമെങ്കിലും മാർക്കോടെ കേരള ഹയർ സെക്കൻഡറി ബോർഡിലെ പ്ലസ്ടു ജയിച്ച് 2022–23 വർഷത്തിൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ 3 വർഷ ബാച്‌ലർ ബിരുദത്തിനോ 5 വർഷ ഇന്റഗ്രേറ്റഡ് പിജി ബിരുദത്തിനോ പഠിക്കുന്ന കേരളീയരായിരിക്കണം. പട്ടികവിഭാഗക്കാർക്ക് 80% മാർക്ക് മതി. മറ്റു സ്കോളർഷിപ് വാങ്ങുന്നവരാകരുത്. പ്ലസ്ടുവിനു 4 സയൻസ് വിഷയങ്ങളിൽ നേടിയ ആകെ മാർക്ക് നോക്കിയാണു റാങ്കിങ്.
മാത്തമാറ്റിക്കൽ / ഫിസിക്കൽ / ലൈഫ് സയൻസ് മേഖലകളിൽ സ്കോളർഷിപ്പിന് അർഹതയുള്ള 23 വിഷയങ്ങൾ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. തുടക്കത്തിൽ 3 വർഷത്തേക്കാണു സഹായം. ബിരുദതലത്തിൽ 75% എങ്കിലും മാർക്കോടെ വിജയിക്കുന്നവർക്ക് സഹായം തുടരും. 5 വർഷത്തെ വാർഷിക സ്കോളർഷിപ് യഥാക്രമം 12,000, 18,000, 24,000, 40,000, 60,000 രൂപ. പഠനത്തിൽ ഇടയ്ക്കു ബ്രേക് പാടില്ല.