എൽഎൽഎം പ്രവേശനത്തിനു 16നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളജുകളിലെയും സർക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും എൽഎൽഎം പ്രവേശനത്തിനു 16നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള 2 മണിക്കൂർ എൻട്രൻസ് പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തും. കേരളത്തിലെ എൽഎൽഎം 2 വർഷമാണ്. പക്ഷേ, ‘ക്ലാറ്റ്‌’ വഴി പ്രവേശനം നേടാവുന്ന കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള ദേശീയ നിയമ സർവകലാശാലകളിലും ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റിയിലും മറ്റും ഒരു വർഷം മാത്രം.

അപേക്ഷാഫീ 840 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗക്കാർക്ക് 420 രൂപ. അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട് (ഖണ്ഡിക 13.2.4). അപേക്ഷയുടെയോ രേഖകളുടെയോ പ്രിന്റ് തപാലിൽ അയയ്ക്കേണ്ട.50% മാർക്കോടെ 3 വർഷ / 5 വർഷ എൽഎൽബിയാണ് പ്രവേശനയോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം; പ്രവേശനസമയത്ത് യോഗ്യത തെളിയിച്ചാൽ മതി. ഉയർന്ന പ്രായപരിധിയില്ല.

സ്വകാര്യ സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലടക്കം ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക സംവരണമുണ്ട്. കേരളത്തിൽ വേരുകളുള്ളവർക്കു മാത്രമാണ് സംവരണവും ഫീസിളവും. അപേക്ഷാരീതി, ഓപ്ഷൻ സമർപ്പണം എന്നിവയടക്കമുള്ള വിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം. ഹെൽപ്‌ലൈൻ : 0471- 2525300.

സർക്കാർ ക്വോട്ടയിൽ 155 സീറ്റ്

2022–23 വർഷത്തെ കണക്കുപ്രകാരം തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ഗവ. ലോ കോളജുകളിലായി 55 സീറ്റും 8 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലായി 200 സീറ്റുമുണ്ട്. സ്വാശ്രയ കോളജുകളിലെ നേർപകുതി സീറ്റ് സർക്കാർ ക്വോട്ടയിലാണ്. അന്തിമ‌ ലിസ്റ്റ് ഓപ്ഷൻ വേളയിലറിയാം. ലിസ്റ്റിലുള്ള ആകെ സീറ്റുകൾക്കു പുറമേ സാമ്പത്തികപിന്നാക്ക വിഭാഗത്തിന് 10% സൂപ്പർന്യൂമററി സീറ്റുകളുമുണ്ട്. എറണാകുളം ഗവ. ലോ കോളജിൽ അന്ധ വിദ്യാർഥിക്കായുള്ള ഒരു അധിക സീറ്റിൽ പ്രിൻസിപ്പൽ അഡ്മിഷൻ നടത്തും.

എൻട്രൻസ് ഇങ്ങനെ

എൻട്രൻസ് പരീക്ഷയിൽ എൽഎൽബി നിലവാരത്തിൽ 2 ഭാഗങ്ങളിൽ 100 വീതം ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ.

ഒന്നാം ഭാഗം: ജൂറിസ്പ്രൂ‍ഡൻസ്, കോൺസ്‌റ്റിറ്റ്യൂഷനൽ ലോ, ലോ ഓഫ് ക്രൈംസ്, ലോ ഓഫ് കോൺട്രാക്ട്സ് എന്നീ വിഷയങ്ങളിൽ 25 ചോദ്യം വീതം. രണ്ടാം ഭാഗം: പബ്ലിക് ഇന്റർനാഷനൽ ലോ (20 ചോദ്യം), അഡ്‌മിനിസ്‌ട്രേറ്റീവ് ലോ (20), ലോ ഓഫ് പ്രോപ്പർട്ടി (20), കമ്പനി ലോ (20), ഇന്റർപ്രട്ടേഷൻ ഓഫ് സ്റ്റാറ്റ്യൂട്സ് (10), ലോ ഓഫ് ടോർട്സ് (10). ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. തുല്യമാർക്ക് വന്നാൽ ഒന്നാം ഭാഗത്തിലെ മാർക്ക്, പ്രായക്കൂടുതൽ എന്നിവ ക്രമത്തിനു നോക്കി, റാങ്ക് നിശ്ചയിക്കും.

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.