എസ്എസ്സി വിളിക്കുന്നു; പ്ലസ്ടക്കാർക്ക് 4500 ഒഴിവ്

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍വീസ് ജോലികള്‍ക്ക് അവസരമൊരുക്കുന്ന കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് സി തസ്തികകളായ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലായി 4,500 ഒഴിവാണുള്ളത്. അപേക്ഷ എസ്.എസ്.സിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കും.

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയിലായിരിക്കും നിയമനം.

യോഗ്യത: അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാല നടത്തുന്ന പന്ത്രണ്ടാം ക്ലാസ്/ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. 04.01.2023 -നകം പാസ്സായവരായിരിക്കണം അപേക്ഷകര്‍.
ശമ്പളം: എല്‍.ഡി.ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് 19,900-63,200 രൂപ. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് 25,500-81,000 രൂപ.

പ്രായം: 01.01.2022-ന് 18-27 വയസ്സ്. (അപേക്ഷകര്‍ 02.01.1995-ന് മുന്‍പോ 01.01.2004-ന് ശേഷമോ ജനിച്ചവരായിരിക്കരുത്). എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷ: ടയര്‍-I, ടയര്‍-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. ടയര്‍-I പരീക്ഷയ്ക്ക് ഒരു മണിക്കൂറായിരിക്കും സമയം. സ്‌ക്രൈബിനെ ഉപയോഗിച്ച് എഴുതുന്നവര്‍ക്ക് 20 മിനിറ്റ് അധികം അനുവദിക്കും. ഇംഗ്ലീഷ് ഭാഷ, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (അടിസ്ഥാന ഗണിതം), പൊതുവിജ്ഞാനം എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ ചോദ്യങ്ങള്‍ ലഭിക്കും. തെറ്റുത്തരം ഓരോന്നിനും അര മാര്‍ക്ക് നെഗറ്റീവ് ഉണ്ടായിരിക്കും.

ടയര്‍ -I-ല്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായാണ് ടയര്‍-II പരീക്ഷ. ഇതിന്റെ ആദ്യഭാഗത്തില്‍ മാത്തമാറ്റിക്കല്‍ എബിലിറ്റി, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്റ്സ്, ഇംഗ്ലീഷ്, ജനറല്‍ അവേര്‍നെസ്സ്, കംപ്യൂട്ടര്‍ നോളെജ് എന്നിവയായിരിക്കും ആദ്യഭാഗത്തെ വിഷയങ്ങള്‍. രണ്ടാം ഭാഗത്തില്‍ തസ്തികയ്ക്ക് ആവശ്യമായ സ്‌കില്‍ ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റായിരിക്കും. ടയര്‍-I, ടയര്‍-II പരീക്ഷകളില്‍ ജനറല്‍ വിഭാഗത്തിന് 30 ശതമാനവും ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 25 ശതമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 20 ശതമാനവുമാണ് മിനിമം മാര്‍ക്ക്.

പരീക്ഷാകേന്ദ്രങ്ങള്‍: കര്‍ണാടക-കേരള റീജണിലാണ് (കെ.കെ.ആര്‍) കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷകര്‍ക്ക് ഒരേ റീജണില്‍പ്പെടുന്ന മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്: 100 രൂപയാണ് ഫീസ്. വനിതകള്‍ക്കും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാധകമല്ല. ഓണ്‍ലൈനായോ ജനറേറ്റ് ചെയ്ത ചലാന്‍ മുഖേന എസ്.ബി.ഐ.ബ്രാഞ്ചുകളിലോ ഫീസ് അടയ്ക്കാം. ചലാന്‍ മുഖേന അടയ്ക്കുന്നവര്‍ ഇതിനുള്ള ചലാന്‍ ജനുവരി നാലിനകം ജനറേറ്റ് ചെയ്യണം.

ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി- ജനുവരി 5, ചലാന്‍മുഖേന ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: ജനുവരി 6.

ഒരിക്കല്‍ അടച്ച ഫീസ് ഒരു കാരണവശാലും തിരികെ നല്‍കുന്നതല്ല.
അപേക്ഷാസമര്‍പ്പണം: www.ssc.nic.in. വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷാവേളയില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ JPEG ഫോര്‍മാറ്റില്‍ (20 KB-50 KB സൈസ്) അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.