പിഎംഇജിപി
പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) എന്ന പദ്ധതി സൂക്ഷ്മ വ്യവസായത്തിന് ആവശ്യമായ ധനസഹായം ബാങ്കുകളിൽനിന്നു സബ്സിഡിയോടു കൂടിയ വായ്പയായി ലഭ്യമാക്കുന്നു. 18 വയസിന് മുകളിലുള്ളവർക്ക് ഈ പദ്ധതി ഉപയോഗിക്കാൻ കഴിയും. നിർമാണ മേഖലയിൽ 25 ലക്ഷം രൂപയും സേവനമേഖലയിൽ 10 ലക്ഷം രൂപയും വരുന്ന പ്രോജക്ടുകൾക്ക് ഈ പദ്ധതി വഴി വായ്പ ലഭിക്കും. അതിൽ 15 മുതൽ 35 ശതമാനംവരെ മൂലധനമായോ സബ്സിഡിയായോ കേന്ദ്രസർക്കാർ നൽകും.
60 മുതൽ 75 ശതമാനം തുക ബാങ്കുകളിൽനിന്ന് ലോണായി ലഭിക്കും. അതായത് പ്രോജക്ടിന്റെ 90-95 ശതമാനം തുകയും പദ്ധതിയിലൂടെ ലഭിക്കും. 10 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകൾക്ക് യാതൊരു ഈടും നൽകേണ്ടതുമില്ല. പലിശ നിരക്കുകൾ ബാങ്കുകളെ അടിസ്ഥാനമാക്കിയാണെങ്കിലും താരതമ്യേന കുറവാണ്. അലുമിനിയം ഫാബ്രിക്കേഷൻ, എൻജിനിയറിംഗ്, ഭക്ഷ്യസംസ്കരണം, ചെരുപ്പ് നിർമാണം എന്നിങ്ങനെ ഒട്ടനവധി സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.
പ്രധാനമന്ത്രി മുദ്ര യോജന
പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയിലൂടെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്കായി 10 ലക്ഷം രൂപ വരെ അനുവദിക്കുന്നു. ഈട് നൽകേണ്ടതില്ല എന്നത് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്. വ്യക്തികൾക്കും കൂട്ടായ്മയ്ക്കും സ്വയംസഹായ സംഘങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ലോണിന് അർഹതയുണ്ട്.
മൂന്നുതരം ലോണുകളാണ് ഈ പദ്ധതിയുടെ കീഴിൽ വരുന്നത്. ചെറു വ്യവസായങ്ങളും കൈത്തൊഴിലിനുമൊക്കെയായി 50,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് ‘ശിശു’. 50000ത്തിനു മുകളിൽ അഞ്ചു ലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതിയാണ് ‘കിഷോർ’. ഇതിനുമുകളിൽ അഞ്ചു മുതൽ 10 ലക്ഷംവരെ ലഭിക്കുന്ന പദ്ധതിയാണ് ‘തരുൺ’. പലിശ നിരക്ക് മിതമാണ്. പദ്ധതിയിലെ തുക ഉപയോഗിച്ച് ചെറുകിട വ്യവസായങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ആരംഭിക്കാൻ കഴിയും.
സിജിടിഎംഎസ്ഇ
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രാലയത്തിന്റെ മറ്റൊരു പദ്ധതിയാണ് സിജിടിഎംഎസ്ഇ. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാനുള്ള സാമ്പത്തികസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഒരുതരത്തിലുമുള്ള ആൾജാമ്യമോ ഈടോ ഇല്ലാതെ അഞ്ച് കോടി രൂപ വരെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെറെ പ്രോജക്ട് ബജറ്റിന്റെ 75 ശതമാനംവരെ പദ്ധതിയിലൂടെ നേടിയെടുക്കാൻ സാധിക്കും. നിർമാണ, സേവന, വ്യാപാര മേഖലകളിലെ ഉദ്യമങ്ങൾക്ക് ഈ പദ്ധതി വളരെ ഉപകാരപ്രദമാണ്.
സ്റ്റാർട്ടപ്പുകൾ പ്രോത്സാഹനം
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നത് സ്റ്റാർട്ടപ്പുകളാണ്. ഒരു നല്ല ഐഡിയ ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. ഇതിൽ എടുത്തു പറയേണ്ടത് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം പോലുള്ള പദ്ധതികളാണ്. ആദ്യ കാൽവയ്പ്പ് നടത്താൻ വേണ്ട പ്രാരംഭ ഫണ്ടിംഗ് കേന്ദ്രസർക്കാർ നൽകുന്നു. മാത്രമല്ല, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ മുഖാന്തിരം വെഞ്ചർ കാപ്പിറ്റൽ, സ്വകാര്യ നിക്ഷേപകരിൽനിന്നെല്ലാം തുടർന്നും നിക്ഷേപം കണ്ടെത്താവുന്നതാണ്. അതോടൊപ്പം നമ്മുടെ ഐഡിയക്ക് ബിസിനസ് രൂപം നൽകാൻ വേണ്ട വിദഗ്ധോപദേശവും സ്റ്റാർട്ടപ്പ് ഇന്ത്യ ലഭ്യമാക്കുന്നു.
ആസ്പയർ സ്കീം
കേന്ദ്രസർക്കാരിന്റെ ‘ആസ്പയർ സ്കീം’ കാർഷിക, വ്യാവസായിക മേഖലകളിലുള്ള യുവ സംരംഭകർക്ക് സഹായകമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനും യന്ത്രവത്കരണത്തിനും ആവശ്യമായ ധനസഹായം ആസ്പയർ സ്കീമിലൂടെ ലഭിക്കും. ഗ്രാമ പ്രദേശങ്ങളിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന യന്ത്രങ്ങളുടെ 50 ശതമാനം തുകയോ അല്ലെങ്കിൽ 50 ലക്ഷം രൂപവരെയോ പദ്ധതിയിലൂടെ ലഭിക്കും. നഗരപ്രദേശങ്ങളിൽ പരമാവധി തുക ഒരു കോടി രൂപവരെയാണ്. കൊയ്ത്ത്-മെതിയന്ത്രം, പണിയായുധങ്ങൾ നിർമിക്കുന്ന ഫാക്ടറി, ചുടുകട്ടകൾ, കോൺക്രീറ്റ് കട്ടകൾ എന്നിവയുടെ നിർമാണയന്ത്രം തുടങ്ങി നിരവധി ഉദ്യമങ്ങൾക്ക് തുക ഉപയോഗിക്കാം.
ക, വ്യാവസായിക മേഖലകളിലുള്ള യുവ സംരംഭകർക്ക് സഹായകമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനും യന്ത്രവത്കരണത്തിനും ആവശ്യമായ ധനസഹായം ആസ്പയർ സ്കീമിലൂടെ ലഭിക്കും. ഗ്രാമ പ്രദേശങ്ങളിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന യന്ത്രങ്ങളുടെ 50 ശതമാനം തുകയോ അല്ലെങ്കിൽ 50 ലക്ഷം രൂപവരെയോ പദ്ധതിയിലൂടെ ലഭിക്കും. നഗരപ്രദേശങ്ങളിൽ പരമാവധി തുക ഒരു കോടി രൂപവരെയാണ്. കൊയ്ത്ത്-മെതിയന്ത്രം, പണിയായുധങ്ങൾ നിർമിക്കുന്ന ഫാക്ടറി, ചുടുകട്ടകൾ, കോൺക്രീറ്റ് കട്ടകൾ എന്നിവയുടെ നിർമാണയന്ത്രം തുടങ്ങി നിരവധി ഉദ്യമങ്ങൾക്ക് തുക ഉപയോഗിക്കാം.
നബാർഡ് പദ്ധതികൾ
കാർഷിക മേഖലയിൽ പ്രത്യേകിച്ച് ക്ഷീരോത്പാദനം, കോഴിവളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ അനവധി പദ്ധതികൾ ഉണ്ട്. എടുത്തുപറയേണ്ടത് നബാർഡ് വഴി നൽകുന്ന ഡയറി ഫാമിംഗ് സ്കീമും പൗൾട്രി വെഞ്ചർ ഫണ്ടുമാണ്. ഡയറി ഫാമിംഗ് സ്കീമിലൂടെ യുവകർഷകർക്ക് രണ്ടു ലക്ഷം രൂപവരെ പശുക്കളെ വാങ്ങാൻ ലഭിക്കും. അതോടൊപ്പം കാലിത്തൊഴുത്തിനായി ഒരു ലക്ഷം രൂപയും ലഭിക്കും.
പൗൾട്രി വെഞ്ചർ ഫണ്ടിലൂടെ കോഴി, മുട്ട തുടങ്ങിയവ ഉത്പാദിപ്പിക്കുവാനുള്ള സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ധനസഹായവും അനുവദിക്കുന്നുണ്ട്. അതോടൊപ്പം, ഈ മേഖലയിൽ സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള പ്രോജക്ടുകളും സർക്കാർ സ്വീകരിക്കുന്നു. അനുവദിക്കുന്ന തുകയുടെ 25 ശതമാനം സബ്സിഡിയും 50 ശതമാനം പലിശരഹിത വായ്പയുമാണ്.
പിഎംഎഫ്എംഇ
ഭക്ഷ്യമേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്ക് യന്ത്രസാങ്കേതികവിദ്യകളിൽ മാറ്റം വരുത്താനും നൂതനമായത് തെരഞ്ഞെടുക്കാനും കേന്ദ്രസർക്കാരിന്റെ പ്രൈം മിനിസ്റ്റർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് ഫോർമലൈസേഷൻ (പിഎംഎഫ്എംഇ) സ്കീം എന്ന പദ്ധതി ഉപയോഗിക്കാം. പദ്ധതിയിലൂടെ പത്തു കോടി രൂപയുടെ ആനുകൂല്യം സംരംഭകർക്കു ലഭിക്കും. ഇതിൽ 35 ശതമാനം വരെ സബ്സിഡിയാണ്.
പുതുതായി ആരംഭിക്കുന്നതോ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതോ ആയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ‘ഉദ്യം പോർട്ടൽ’ രജിസ്ട്രേഷൻ സഹായകമാണ്. ഈടില്ലാതെ ബാങ്ക് വായ്പ ലഭിക്കാനും പലിശ ഇളവുകൾ നേടാനും ഇതിലൂടെ സാധിക്കും. ഉദ്യം രജിസ്ട്രേഷൻ പ്രക്രിയ ലളിതവും വേഗത്തിൽ പൂർത്തീകരിക്കാൻ പറ്റുന്നതുമാണ്. ഇതിലടങ്ങിയ എംഎസ്എംഇ സമാധാൻ സ്കീം വഴി കിട്ടാക്കടങ്ങൾക്ക് മേൽ പ്രത്യേക പരിരക്ഷയും ഉറപ്പുവരുത്തുന്നു.
ഒഡിഒപി
കേന്ദ്രസർക്കാരിന്റെ വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്റ്റ് (ഒഡിഒപി) പദ്ധതിയിലൂടെ ഓരോ ജില്ലയിലെയും പ്രാദേശിക പ്രത്യേകതയുള്ള ഓരോ ഉത്പന്നങ്ങളുടെ ഉത്പാദനത്തിനായി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു. പദ്ധതിയിലൂടെ പരമാവധി പത്ത് ലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പയായി ലഭിക്കും. ഇതിൽ 35 ശതമാനംവരെ സബ്സിഡി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിന്റേതായുണ്ട്