പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനത്തിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ജൂലൈ12ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്മെന്റിനായി ലഭ്യമായ സീറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ജൂലൈ 8 ന് രാവിലെ 9മണിക്ക് ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സീറ്റ് ക്ഷാമമുള്ള മേഖലകളിൽ കൂടുതൽ സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും പിഴവുകൾ മൂലം അപേക്ഷകൾ തള്ളിപ്പോയവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് സപ്ലിമെന്ററി ഘട്ടത്തിൽ അവസരം. എന്നാൽ മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർക്കും മെറിറ്റ് ക്വോട്ടയിലെ പ്രവേശനം കാൻസൽ ചെയ്തവർക്കും പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും ഇനി അപേക്ഷിക്കാൻ അവസരമില്ല. ജനറൽ മെറിറ്റ്, സംവരണം, മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് എന്നിവയിലായി സയൻസിൽ 48004 സീറ്റുകളും ഹ്യുമാനിറ്റീസിൽ 22831 സീറ്റുകളും കൊമേഴ്സിൽ 33851 സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നതായാണ് ഔദ്യോഗിക കണക്ക്.
പ്രവേശനം നേടാതെ 73078 പേർ
പ്ലസ് വൺ പ്രവേശനത്തിന് ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തത് 73078 പേർ. തിരുവനന്തപുരം: 5715, കൊല്ലം: 6047, പത്തനംതിട്ട: 3551, ആലപ്പുഴ: 4254, കോട്ടയം: 4615, ഇടുക്കി: 2916, എറണാകുളം: 7008, തൃശൂർ: 7150, പാലക്കാട്: 6286, മലപ്പുറം: 9753, കോഴിക്കോട്: 7089, വയനാട്: 2171, കണ്ണൂർ: 4234, കാസർകോട്: 2289